സിജെപിക്ക് പിന്തുണയുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്; ജന്തർ മന്തറിൽ നിരാഹാര സമരം നടത്തും

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരായ സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി നിരാഹാര സമരം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്. ഞായറാഴ്ച ജന്തർ മന്ദറിൽ നിരാഹാര സമരം നടത്തും. ശനിയാഴ്ച കേന്ദ്ര സർക്കാർ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നുമാണ് സോനം വാങ്ചുക്ക് അറിയിച്ചിരിക്കുന്നത്. സിജെപിയുടെയും വാങ് ചുക്കിൻ്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതിനിടെ സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി സിപിഐ നേതാവ് ആനി രാജയുൾപ്പെടെ ജന്തർ മന്ദറിലെത്തി. ദീപ്കെയുടെ അമ്മയുമായി നേതാക്കള്‍ വീഡിയോ കോളില്‍ സംസാരിച്ചു. വൈകാരിക രംഗങ്ങള്‍ക്കാണ് ജന്ദര്‍ മന്തര്‍ സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ ജനങ്ങള്‍ ഒപ്പമുണ്ടെന്ന് അമ്മയ്ക്ക് ഉറപ്പ് നല്‍കിയതായി ആനി രാജ പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ സംസാരിക്കാന്‍ സിജെപി പ്രതിഷേധം ഊര്‍ജ്ജം നല്‍കിയെന്നും സിജെപിയുടെ ഉത്തരവാദിത്വം ഒരാള്‍ ഏറ്റെടുക്കണമെന്നും ആനി രാജ പറഞ്ഞു. രാജ്യത്തെ മറ്റ് വിഷയങ്ങള്‍ കൂടി ഉയര്‍ത്തിപ്പിടിച്ച് സിജെപി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണമെന്നും ആനി രാജ കൂട്ടിചേർത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധം ഒരാഴ്ചയിലേക്കെത്തുകയാണ്. പ്രതിഷേധത്തിന് നേരെ ഇതുവരെയും ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ.