പ്രിയദര്‍ശിനി സൗജന്യ യാത്ര: കനത്ത സാമ്പത്തിക പ്രതിസന്ധി; 200 ഓളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു; ജൂലൈ ഒന്നിന് ‘ജി ഫോം’ സമര്‍പ്പിക്കും

തൃശൂർ: കെഎസ്‌ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസുകള്‍ ഉണ്ടാക്കിയ വലിയ പ്രതിസന്ധിയെത്തുടർന്ന് തൃശൂർ ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്.

നഷ്ടം സഹിക്കാനാവാതെ ജില്ലയിലെ ഇരുനൂറോളം സ്വകാര്യ ബസുകള്‍ സർവീസ് അവസാനിപ്പിച്ച്‌ ജൂലൈ ഒന്നോടെ മോട്ടർ വാഹന വകുപ്പിന് ‘ജി ഫോം’ സമർപ്പിക്കാൻ ഒരുങ്ങുകയാണ്.

നിശ്ചിത കാലയളവിലേക്ക് വാഹനം നിരത്തിലിറക്കില്ല എന്ന് കാണിച്ച്‌ നികുതി ഒഴിവാക്കുന്നതിനാണ് ബസുടമകള്‍ ജി ഫോം നല്‍കുന്നത്. ജൂണ്‍ 30-ഓടെ നിലവിലെ ക്വാർട്ടർ ടാക്സ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ഈ നീക്കമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്. പ്രദീപ് അറിയിച്ചു.

പത്തോളം ബസുകള്‍ ഇതിനോടകം തന്നെ ജി ഫോം സമർപ്പിച്ചു കഴിഞ്ഞു.

പ്രധാന റൂട്ടുകളെല്ലാം നിശ്ചലമാകും.
തൃശൂരില്‍ നിന്ന് പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ റൂട്ടുകളിലും ചാലക്കുടി-മാള, കൊടുങ്ങല്ലൂർ-മാള, ഗുരുവായൂർ-എറണാകുളം തുടങ്ങിയ പ്രധാന റൂട്ടുകളിലോടുന്ന ബസുകളാണ് കൂട്ടത്തോടെ ജി ഫോം നല്‍കുന്നത്.