വാഹന പരിശോധനയിൽ കാർ യാത്രക്കാരിൽ നിന്നും പണവും എംഡിഎംഎയും പിടിച്ചു: യുവാക്കൾ അറസ്റ്റിൽ, സംഭവം ഒറ്റപ്പാലത്ത്

ഒറ്റപ്പാലം : ഒറ്റപ്പാലം പത്തിരിപ്പാലത്തിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ആരിസ്, മങ്കര സ്വദേശി ഷിബിലി എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 9 ഗ്രാം എംഡിഎംഎയും ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 40,000 രൂപയും ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പത്തിരിപ്പാലം മൗണ്ട് സീന സ്കൂളിന് സമീപം പോലീസ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പ്രതികൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി പരിശോധിച്ചത്.

പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിമരുന്നും പണവും കണ്ടെടുത്തത്. പ്രതിയായ മുഹമ്മദ് ഹാരിസിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് 9 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മങ്കര സ്വദേശി ഷിബിലിന്റെ കയ്യിൽ നിന്നാണ് 40,000 രൂപ പോലീസ് പിടിച്ചെടുത്തത്. കേരളത്തിൽ വൻതോതിൽ വിൽപ്പന നടത്തുകയെന്ന ലക്ഷ്യത്തോടെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾക്ക് പിന്നിൽ മറ്റ് ലഹരിസംഘങ്ങൾ ഉണ്ടോയെന്നതിനെക്കുറിച്ച് ഒറ്റപ്പാലം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.