പിഎംശ്രീ പദ്ധതി; യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍: പിഎംശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ പദ്ധതി കുട്ടികള്‍ക്ക് ഗുണം ചെയ്യുന്നതാണ്.

അല്ലാതെ കോണ്‍ഗ്രസ്, ബിജെപി ഭരണകര്‍ത്താക്കള്‍ക്കുള്ളതല്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പ്രധാന്‍ മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ (പിഎം ശ്രീ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രാഷ്ട്രീയ വിഷയമുണ്ടെങ്കില്‍ അത് എല്‍ഡിഎഫും യുഡിഎഫുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുക. ‘പിഎം ശ്രീ കരാറില്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കുട്ടികളുടെ ഭാവിയെ ബാധിക്കരുത്.’ സുരേഷ് ഗോപി പറഞ്ഞു.

 

കുട്ടികള്‍ക്ക് പ്രയോജനകരമായ നിലപാട് മുഖ്യമന്ത്രി വി ഡി സതീശന്‍ സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കേരള സര്‍ക്കാരും പദ്ധതിയില്‍ ഒപ്പിട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്മാറില്ലെന്നും പാഠ്യപദ്ധതി നിശ്ചയിക്കാന്‍ സംസ്ഥാനത്തിന് സ്വാതന്ത്ര്യം നല്‍കുന്ന രീതിയില്‍ ഉപാധികളോടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ എല്ലാ വശങ്ങളും പഠിക്കുന്നതിനായി നാലംഗ ഉപസമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

കരിക്കുലം നിശ്ചയിക്കുന്നതിലും സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നതിലും കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല. ഇതേക്കുറിച്ചു പരിശോധിക്കാന്‍ വിദ്യാഭ്യാസമന്ത്രി കണ്‍വീനറായി നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.

 

ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടി. പിഎം ശ്രീ വിഷയത്തില്‍ ഒപ്പുവച്ച ബിജെപി ഇതര സംസ്ഥാനങ്ങളുമായി ആലോചിച്ച്‌ കൂട്ടായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടി രൂപയിലധികം വാങ്ങി. അതു കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിക്കുലം നിശ്ചയിക്കുന്ന സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. പദ്ധതിയില്‍ ഏതു സ്‌കൂളുകളെ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ നിലപാടുകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങള്‍ തയാറാക്കാന്‍ വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദീന്‍ കണ്‍വീനറായും മന്ത്രിമാരായ റോജി എം. ജോണ്‍, പി.സി.വിഷ്ണുനാഥ്, എം.ലിജു എന്നിവര്‍ അംഗങ്ങളായും മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പിഎം ശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇടതു സര്‍ക്കാരാണ് കരാര്‍ ഒപ്പിട്ടു പണം വാങ്ങിയത്. ധനകാര്യ വകുപ്പിന്റെ വരെ ക്ലിയറന്‍സ് വാങ്ങിയാണ് കരാറില്‍ ഒപ്പുവച്ചത്. വിദ്യാഭ്യാസ അവകാശങ്ങള്‍ ബലികഴിക്കാതെ പദ്ധതി നടപ്പാക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തേടുന്നത്. എന്‍ഇപി നേരത്തേ തന്നെ കേരളത്തില്‍ നടപ്പാക്കി തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ വിഷയത്തില്‍ മന്ത്രിസഭാ അംഗങ്ങളെ പോലും ഇരുട്ടില്‍നിര്‍ത്തി ഇടതു സര്‍ക്കാര്‍ ഒപ്പിട്ടതിനെയാണ് എതിര്‍ത്തത്. കേന്ദ്രത്തില്‍നിന്നു കിട്ടാനുള്ള ആയിരം കോടിയിലേറെ രൂപ ഔദാര്യമല്ല. അത് അവകാശമാണ്. വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കാതെ പദ്ധതി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഒരു കത്തു പോലും മുന്‍സര്‍ക്കാര്‍ അയച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അതേസമയം പിഎം ശ്രീ വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഉപസമിതി രൂപീകരിച്ചത് ജനങ്ങളെ പറ്റിക്കാനാണെന്നും കേന്ദ്രസര്‍ക്കാരുമായുള്ള അഡ്ജസ്റ്റ്മെന്റ് ആണെന്നും കരാറില്‍ ഒപ്പു വയ്ക്കുന്ന കാലത്ത് വിദ്യാഭ്യാസമന്ത്രി ആയിരുന്ന വി.ശിവന്‍കുട്ടി. എസ്‌എസ്‌കെ ഫണ്ട് കിട്ടാന്‍ വേണ്ടിയാണ് പിഎം ശ്രീ കരാറില്‍ ഒപ്പുവച്ചത്. പദ്ധതിയില്‍ സഹകരിക്കാമെന്നു പറഞ്ഞും പിന്നീട് പദ്ധതിയില്‍ സഹകരിക്കില്ലെന്നും വ്യക്തമാക്കി രണ്ടു കത്തുകള്‍ കേന്ദ്രത്തിനു കൊടുത്തിട്ടുണ്ട്. കത്തു കൊടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കള്ളമാണ്. പിഎം ശ്രീയും ലേബര്‍ കോഡും നടപ്പാക്കാനുള്ള കരാര്‍ മുഖ്യമന്ത്രി ഒപ്പുവച്ചിരിക്കുകയാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.