അമ്മയുടെ പ്രേമ ബന്ധത്തെ 15കാരൻ നിരന്തരം എതിർത്തു; പിന്നാലെ അമ്മയും കാമുകനും ചേർന്ന് മകനെ കൊലപ്പെടുത്തി, സംഭവം ആന്ധ്രാപ്രദേശിൽ

ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ തന്‍റെ പ്രേമബന്ധത്തെ എതിർത്ത 15 വയസുകാരനായ മകനെ അമ്മ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം സംഭവം മൂടിവെക്കാൻ മകനെ കാണാനില്ലെന്ന് കാണിച്ച് ഇവർ പൊലീസിൽ വ്യാജ പരാതിയും നൽകിയിരുന്നു. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. 15കാരനായ വീരേന്ദ്ര ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയായ ഗംഗമ്മയ്ക്ക് ദർഗപ്പ എന്നയാളുമായി ബന്ധം ഉണ്ടായിരുന്നു. വീരേന്ദ്ര ഇത് പലതവണ ചോദ്യം ചെയ്യുകയും ബന്ധുക്കൾക്കും ഗ്രാമവാസികൾക്കും മുന്നിൽ ഈ വിവരം തുറന്നുപറയുകയും ചെയ്തു. ഇതേച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നു.

തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന ഭയത്താലും വിവരം പുറത്തറിഞ്ഞതിലുള്ള നാണക്കേട് കാരണവും ഇവർ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രാമത്തിന്‍റെ അതിർത്തിയുള്ള ഒരു ശ്മശാനത്തിൽ രഹസ്യമായി കുഴിച്ചുമൂടി. അന്വേഷണം വഴിതിരിച്ചുവിടാൻ ഗംഗമ്മ തന്നെയാണ് മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. മകനെ കണ്ടെത്താനുള്ള തിരച്ചിലിൽ പങ്കാളിയാകുകയും അന്വേഷണം വൈകുന്നു എന്ന് ആരോപിച്ച് മകനെ കണ്ടെത്താൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോടതി ഇടപെടലിനെ തുടർന്ന് കേസ് വേഗത്തിലാക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഗംഗമ്മയെയും ദർഗപ്പയെയും ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. ജൂൺ ഒന്നാം തീയതി റവന്യൂ ഉദ്യോഗസ്ഥരുടെയും മെഡിക്കൽ സംഘത്തിന്റെയും സാന്നിധ്യത്തിൽ ശക്തമായ സുരക്ഷയോടെ വീരേന്ദ്രയുടെ മൃതദേഹം ശ്മശാനത്തിൽ നിന്നും പുറത്തെടുത്തു. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്.