‘കാഫിര്‍ സ്ക്രീൻ ഷോട്ട്’; അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി പാറക്കല്‍ അബ്ദുല്ല

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച കാഫിർ സ്ക്രീൻ സംബന്ധിച്ച്‌ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി എംഎല്‍എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കി.

നേരിട്ട് ഓഫിസില്‍ എത്തിയാണ് കത്ത് നല്‍കിയത്. നാടിനെയാകെ മലിനമാക്കാൻ ശ്രമിച്ച ‘കാഫിർ സ്‌ക്രീൻഷോട്ട്’ വ്യാജ പ്രചാരണ കേസിലെ അന്വേഷണം അടിയന്തരമായി ഊർജിതമാക്കണമെന്നും ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടിട്ട് ഇപ്പോള്‍ 20 മാസത്തിലധികം കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

നിർണായകമായ ഈ ശാസ്ത്രീയ തെളിവുകള്‍ പുറത്തുവിടാതെയും, യഥാർത്ഥ പ്രതികളെ പിടികൂടാതെയും അന്വേഷണം അവസാനിപ്പിക്കാൻ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിഷയത്തിലെ കടുത്ത ജനവികാരം മന്ത്രിയെ നേരിട്ടറിയിച്ചത്. നിരപരാധിയായ ഒരു യുവാവിനെ വേട്ടയാടാനും സമൂഹത്തില്‍ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനും തുനിഞ്ഞിറങ്ങിയ ആ സൈബർ കുറ്റവാളികളെ വെറുതെ വിടാൻ കഴിയില്ല. വിഷയത്തിന്റെ ഗൗരവം പൂർണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട്, കേസില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നാടിന്റെ സൗഹാർദ്ദം തകർത്ത യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും എംഎല്‍എ അറിയിച്ചു.