തിരുവനന്തപുരം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹനവ്യൂഹവും സുക്ഷാക്രമീകരണങ്ങളും ആവശ്യമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.
എസ്കോർട്ടും പൈലറ്റും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അത് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തു. തനിക്കായി പുതിയ കാറ് വേണ്ടെന്നാണ് സതീശൻ നിർദേശം നല്‍കിയിരിക്കുന്നത്. പുതിയ കാർ വാങ്ങിയാല്‍ ഭരണ സംവിധാനത്തിന് കൊടുക്കുന്ന തെറ്റായ സന്ദേശമാണ്. കാരണം അത്രയും സാമ്പത്തിക നില മോശമായ സമയത്ത് നമ്മള് ചില മാതൃകകള്‍ സൃഷ്ടിക്കണം.
ഉള്ള കാർ ഏതാണോ അത് ഉപയോഗിക്കും, ഏത് കാറാണോ എടുക്കും, കളർ നോക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
കിഫ് ഹൌസില്‍ നിന്ന് സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലേക്കുള്ള മൂന്നര കിലോമീറ്റർ പിണറായി പാഞ്ഞുപോയിരുന്നത് വാഹന കൂട്ടങ്ങളുമായാണ്. കോണ്‍വോയ് കടന്ന് പോകുമ്പോള്‍ ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ജനങ്ങളെ വലയ്ക്കുന്നെന്ന പരാതിയും വ്യാപകമായിരുന്നു.
ഭരണം വി ഡി സതീശനിലേക്കെത്തുമ്പോള്‍ ആദ്യ പൊളിച്ചെഴുത്ത് ഈ സംവിധാനത്തിലാണ്. ഏറിപ്പോയാല്‍ ഒരു പൈലറ്റും എസ്കോട്ടും. അതിനപ്പുറമൊരു സുരക്ഷയുടേയും ആവശ്യം ഇല്ലെന്നും അകമ്പടി വാഹനങ്ങള്‍ എണ്ണം കുറക്കണമെന്നും ഉള്ള കർശന നിർദ്ദേശം പൊലീസിനുണ്ട്.
മുഖ്യമന്ത്രിക്ക് നല്‍കേണ്ട സുരക്ഷ പൊലിസ് ചുമതലയായതിനാല്‍ എസ്കോർട്ടും പൈലറ്റുമുള്‍പ്പെടെ പൂർണമായും പിൻവലിക്കാനാകില്ലെന്ന് ഇൻ്റലിജൻസ് മേധാവി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാതെയുള്ള പുതിയ സുരക്ഷ ക്രമീകരണങ്ങളൊരുക്കാൻ എല്ലാ ജില്ലാ പൊലിസ് മേധാവിമാർക്കും എഡിജിപിക്ക് നിർദ്ദേശം നല്കി.
പൈലറ്റ് വാഹനവും ഡിവൈഎസ്പിയുടെ വാഹനവും രണ്ട് എസ്കോർട്ടും മാത്രമാകണം ഇനി വാഹന വ്യൂഹം. നേതാക്കളുടെതടക്കം മറ്റ് വാഹനങ്ങള്‍ വിഐപി ക്രമീകരണത്തിന് പുറത്തുമാത്രം.
നാട് അടച്ചുള്ള സുരക്ഷ വേണ്ട. മുഖ്യമന്ത്രി പുറപ്പെടുന്നതിന് മണിക്കൂർ മുമ്പേ റോഡടക്കേണ്ടതില്ല, സുരക്ഷ ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറമെന്നും നിർദ്ദേശം നല്കി. കറുത്ത കാറില്‍ സഞ്ചരിച്ച ആദ്യ മുഖ്യമന്ത്രിയും പിണറായി ആയിരുന്നു, ഇന്നോവ, കിയ കാറുകള്‍ പൊലിസ് ഫണ്ടുമപയോഗിച്ചാണ് മുഖ്യമന്ത്രിക്ക് വാങ്ങി നല്‍കിയത്. ഈ വാഹനങ്ങള്‍ തിരികെ നല്കി. സത്യപ്രതിജ്ഞക്ക് ശേഷം വിഡി സതീശനായി പൊതുഭരണ വകുപ്പ് ടൂറിസത്തോട് ആവശ്യപ്പെട്ടിരിക്കുന്ന വെള്ള ഇന്നോവയാണ്. ഇനി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് കറുത്ത കാർ ഇഷ്ടമാണെങ്കില്‍ ഈൻറലിൻസിൻെറ കൈവശമുളള കറുത്ത കാറുകള്‍ വാങ്ങാം.
