മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ; വിഡി സതീശന് അഭിനന്ദനങ്ങൾ നേർന്ന് കെസി വേണുഗോപാൽ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിനന്ദനങൾ നേർന്ന് കെസി വേണുഗോപാൽ എംപി. വിഡി സതീശന് എല്ലാ പിന്തുണയും നൽകും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തനാണെന്നും കെസി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് വൻ ഭൂരിപക്ഷം നൽകി കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് യുഡിഎഫ് സർക്കാർ കേരളത്തിൽ ഉണ്ടാകും. സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയ്ക്ക് എല്ലാ വിധ പിന്തുണയും വാഗ്താനം ചെയ്യുന്നു എന്നും കെസി മാധ്യമങ്ങളോട് പറഞ്ഞു.

ഹൈക്കമാൻഡിന്റെ തീരുമാനം നടപ്പിലാക്കേണ്ട ഉത്തരവാദിത്വത്തിനൊപ്പമാണ് താൻ നിൽക്കുന്നത്. താൻ അടിയുറച്ച കോൺഗ്രസുകാരനാണ്. നേത്യത്വം എല്ലാ വശങ്ങളും ആലോചിച്ചിട്ടാവും തീരുമാനം എടുത്തിട്ടുണ്ടാകുക. പാർട്ടിയ്ക്കും ഒപ്പം നിൽക്കാനാണ് താൻ ആഗ്രഹിച്ചിട്ടുള്ളത്. കഴിഞ്ഞ 45 വർഷമായി രാഷ്ട്രീയ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ കടന്നാക്രമണങ്ങൾ ഉണ്ടാകുമ്പോൾ ഓടിയൊളിക്കേണ്ട ആവശ്യം ഇല്ല. അക്രമിക്കുന്നവർക്ക് അത് സധൈര്യം തുടരാം എന്നും കെസി വേണുഗോപാൽ പറഞ്ഞു.