‘നീറ്റ് പരീക്ഷാ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണം’; പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണം; കേന്ദ്രത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിജയ്; തമിഴ്നാടിന്‍റെ പോരാട്ടം തുടരും

ചെന്നൈ: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ ‘നീറ്റ്’ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ സാഹചര്യത്തില്‍, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്‌. ജോസഫ് വിജയ്.

നീറ്റ് പരീക്ഷാ രീതി പൂർണ്ണമായും നിർത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണ് ഈ പരീക്ഷാ റദ്ദാക്കലിലൂടെ തകർന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മെയ് മൂന്നിന് നടന്ന പരീക്ഷയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 1.4 ലക്ഷം പേരുള്‍പ്പെടെ രാജ്യത്തുടനീളം 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ചോദ്യപേപ്പർ ചോർന്നതായി അന്വേഷണ ഏജൻസികള്‍ കണ്ടെത്തിയതിനെത്തുടർന്നാണ് കേന്ദ്രം പരീക്ഷ റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

2024-ലും സമാനമായ രീതിയില്‍ ചോദ്യപേപ്പർ ചോർച്ച ഉണ്ടായതും ഐഎസ്‌ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പരിഷ്കാരങ്ങള്‍ നിർദ്ദേശിച്ചിട്ടും വീണ്ടും വീഴ്ചകള്‍ ആവർത്തിക്കുന്നതും പരീക്ഷാ സംവിധാനത്തിന്‍റെ പരാജയമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ദേശീയതലത്തിലുള്ള ഇത്തരം പരീക്ഷാ നടത്തിപ്പിലെ ഘടനാപരമായ പിഴവുകള്‍ക്കുള്ള തെളിവാണ് ഇതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.