ദുബയ്: ജൂണില്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കാനിരിക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ.
സൂപ്പർ താരം ഹർമൻപ്രീത് കൗറാണ് ടീമിനെ നയിക്കുക. സ്റ്റാർ ഓപ്പണർ സ്മൃതിമന്ദാന വൈസ് ക്യാപ്ടനാകും.
വനിതാ പ്രീമിയർ ലീഗില്‍ മിന്നും പ്രകടനം കാഴ്‌വച്ച ഭാരതി ഫുല്‍മാലിക്കും, പേസർ നന്ദാനി ശർമ്മയ്ക്കും ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നു. പരിക്കേറ്റ അമൻജോത് കൗറിന് പകരക്കാരിയായാണ് മദ്ധ്യനിര ബാറ്ററായി ഭാരതി ടീമിലെത്തിയത്.
ഡബ്ല്യുപിഎല്ലിലെ 10 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ വീഴ്ത്തിയ നന്ദാനി ശർമ്മ ഇന്ത്യയുടെ പേസ് നിരയ്ക്ക് കരുത്താണ്. പരിചയസമ്പന്നരായ രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി എന്നിവർക്കൊപ്പം ക്രാന്തി ഗൗഡും പേസ് നിരയിലുണ്ട്.
ശ്രീയങ്ക പാട്ടീല്‍, രാധാ യാദവ്, ശ്രീ ചരണി എന്നിവരാണ് സ്പിൻ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. സനേ റാണയെ മറികടന്ന് ഇവർ ടീമില്‍ ഇടംപിടിക്കുകയായിരുന്നു. ജെമീമ റോഡ്രിഗസ്, ഷഫാലി വർമ്മ, റിച്ച ഘോഷ് എന്നിവരും ടീമിലുണ്ട്.
ബാക്കപ്പ് വിക്കറ്റ് കീപ്പറായി യാസ്തിക ഭാട്ടിയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 14മുതല്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകും.
