ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; പൊലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ

ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ പൊലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ സമർപ്പിച്ചു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നാണ് സിബിഐ വാദം. പ്രതികൾ പൊലീസുകാരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും സിബിഐയുടെ അഭിഭാഷകൻ വ്യക്തമാക്കി. സിബിഐ അപ്പീലിൽ പ്രതികളായ പൊലീസുകാർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ എല്ലാ പ്രതികളെയും ഹൈക്കോടതിയാണ് വെറുതെ വിട്ടത്. അന്വേഷണത്തിൽ സിബിഐ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയായിരുന്നു കോടതി വിധി. ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിൽ സിബിഐ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഉൾപ്പെടെയാണ് ഹൈക്കോടതി റദ്ദാക്കിയത്.

2005 സെപ്തംബര്‍ 27ന് രാത്രിയിലാണ് പൊലീസുകാരുടെ മൂന്നാം മുറ പ്രയോഗത്തിൽ ഉദയകുമാര്‍ ഫോര്‍ട്ട് സ്റ്റേഷനിൽ കൊല്ലപ്പെട്ടത്. വഴിയരികിൽ പരിക്കേറ്റ് കിടന്നുവെന്ന് പറഞ്ഞാണ് പൊലീസുകാര്‍ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തിൽ നടന്ന പോസ്റ്റ് മോര്‍ട്ടത്തിൽ ഉരുട്ടിക്കൊലയുടെ ഭീകരത പുറത്തുവന്നു.