കൃഷ്ണലാലിൻ്റെ ജീവനെടുത്തത് മദ്യപിച്ച് കാറോടിച്ചയാൾ; ചികിത്സക്കായി ചിലവായ പണം സ്വകാര്യ ആശുപത്രിയിൽ നൽകാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് കുടുംബം

മസ്തിഷ്കമരണത്തെ തുടർന്ന് ജീവൻ നഷ്‌ടമായ കൃഷ്ണലാലിന്റെ ജീവനെടുത്തത് മദ്യപിച്ച് കാറോടിച്ചയാൾ. ഏപ്രിൽ ഒന്നിന് രാത്രിയാണ് അപകടം ഉണ്ടായത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്ന കൃഷ്ണലാലിനെ ഒരുവാതിൽ കോട്ട എസ് വളവിൽ വച്ച് കാർ ഇടിക്കുകയായിരുന്നു. മദ്യപിച്ച് കാർ ഓടിച്ചയാളാണ് സൈക്കിളിൽ സഞ്ചരിച്ച കൃഷ്ണലാലിനെ ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

അതേസമയം കൃഷ്ണലാലിൻ്റെ ഹൃദയം സ്വീകരിക്കുന്നത് കുമരകം സ്വദേശി അരുൺ ആണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് തന്നെ ശസ്ത്രക്രിയ നടക്കും. മന്ത്രി വിഎൻ വാസവൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്തിയത്. 14 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ചെലവാകുന്നത്. അൽപ്പസമയം മുമ്പാണ് കൃഷ്ണലാലിൻ്റെ ഹൃദയം കോട്ടയത്തേക്ക് കൊണ്ടുപോയത്. കൃഷ്ണലാലിൻ്റെ അഞ്ചു അവയവങ്ങളാണ് ദാനം ചെയ്യുന്നത്.

വെൽഡിം​ഗ് ജോലിക്കാരനായ കൃഷ്ണലാലിൻ്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നിലവിൽ. അവയവങ്ങൾ ദാനം നൽകിയ കൃഷ്‌ണലാലിൻ്റെ ചികിത്സക്കായി ചെലവായ പണം സ്വകാര്യ ആശുപത്രിയിൽ നൽകാൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് കുടുംബവും സുഹൃത്തുക്കളും. മൂന്നരലക്ഷം രൂപ ശസ്‌ത്രക്രിയക്ക് ഉൾപ്പടെ നൽകാനുണ്ടെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഹൃദയവും രണ്ടു വ‍ൃക്കകളും കരളും കണ്ണുമാണ് ദാനം ചെയ്യുന്നത്.