കൊച്ചി: കേരളത്തിനെതിരെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് ഇറക്കിയ ചിത്രമായിരുന്നു കേരള സ്റ്റോറി 2. ചിത്രത്തിൻറെ ട്രെയിലറിലെ രംഗങ്ങള്‍ വലിയ രീതിയില്‍ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതടക്കം നിരവധി രംഗങ്ങളാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഈ രംഗങ്ങള്‍ എല്ലാം വലിയ വിമർശനങ്ങള്‍ ആണ് ഏറ്റുവാങ്ങിയത്.
കേരളത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന പേരില്‍ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ വൻതോതില്‍ പ്രതിഷേധവുമുയർന്നിരുന്നു.
‘2023 ല്‍ പുറത്തിറങ്ങിയ ദി കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ മലയാളത്തിലെ ഒരു നടൻമാരും പ്രതികരിച്ചില്ല. കേരളത്തെക്കുറിച്ച് വളരെ തെറ്റായ ഒരു വിവരം നല്കിയ സിനിമയാണത്. അടുത്തിടെ ആ സിനിമയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. എന്തുകൊണ്ടാണ് കേരള സ്റ്റോറി 2 വിനെതിരെയും നിങ്ങള്‍ പ്രതികരിക്കാതെ ഇരുന്നത്?’ എന്നായിരുന്നു ടൊവിനൊക്കെതിരെ ഉയർന്ന ചോദ്യം.
‘ഞാൻ അതിന്റെ ആദ്യ ഭാഗം കണ്ടിരുന്നു. അപ്പോള്‍ തന്നെ എനിക്ക് മനസിലായി, ഞാൻ ഒരു പോസ്റ്റ് ആ സിനിമയെ കുറിച്ച് പങ്കുവെച്ചാല്‍ അത് അവർക്കൊരു പ്രൊമോഷനായി മാറുമെന്ന്. അപ്പോള്‍ ഞാൻ തീരുമാനിച്ചു ഒരിക്കലും ഞാൻ അത് ചെയ്യില്ലെന്ന്. ഞാൻ അത് ഒഴിവാക്കി വിട്ടു. കേരളത്തില്‍ ആരും ആ സിനിമ കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’, ടൊവിനോയുടെ വാക്കുകള്‍.
ചിത്രത്തിനെതിരെ കടുത്ത വിമർശനം ഉയരുകയും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്ത് വരികയും ചെയ്തിരുന്നു. കേരളത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് സിനിമ എന്നതായിരുന്നു പ്രധാന വിമർശനം. എന്നാല്‍ ചിത്രം കേരളത്തെ കുറിച്ചല്ല പറയുന്നതെന്നായിരുന്നു അണിയറ പ്രവർത്തകരുടെ വാദം. 2023 ല്‍ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. കേരളത്തില്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നുവെന്ന പ്രൊപ്പഗണ്ട പ്രചരിപ്പിച്ച ചിത്രമായിരുന്നു സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’.
