ഇറാഖ് ജനതയ്ക്ക് നന്ദി അറിയിച്ച് മുജ്തബ ഖമനയി; സന്ദേശം മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ

ഇറാഖിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമയനി. അധികാരമേറ്റതിന് ശേഷം മുജ്തബ എവിടെയാണെന്നതിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എഴുതി തയ്യാറാക്കിയ സന്ദേശം പുറത്തുവിട്ടത്. മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ഇറാനില്‍ ‘ഭരണമാറ്റം’ സംഭവിച്ചുവെന്നും ട്രംപിന്റെ അവകാശവാദം. ദി ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ ആയത്തുള്ള അലി ഖമയനി കൊല്ലപ്പെട്ടു. മുജ്തബ കൊല്ലപ്പെട്ടിരിക്കാം. അല്ലെങ്കില്‍ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റിരിക്കാം എന്നാണ് ട്രംപ് പറയുന്നത്.

പരമോന്നത നേതാവായി ഉയര്‍ത്തപ്പെട്ട് മൂന്ന് ആഴ്ചയിലേറെ പിന്നിട്ടിട്ടും ഖമനയിയെ പൊതുജനം കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. ഖമനയിയുടേതായി പ്രസ്താവന രാജ്യത്തെ ഔദ്യോഗിക മാധ്യമം വഴി പുറത്തുവരിക മാത്രമായിരുന്നു ചെയ്തത്. ഇതിനിടെയായിരുന്നു മുജ്തബ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന ട്രംപിന്റെ പ്രസ്താവന.

ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താന്‍ മുഖേന യുഎസ് നല്‍കിയ 15 നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും ഇറാന്‍ അംഗീകരിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ എണ്ണ ‘പിടിച്ചെടുക്കാന്‍’ തനിക്ക് കഴിയുമെന്നും ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ന്റിന്റെ നിയന്ത്രണം എറ്റെടുക്കാന്‍ സാധിക്കുമെന്നും ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.