2 ദിനം കൊണ്ട് 48 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ആട് 3 തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്നു

ഷാജി പാപ്പനും പിള്ളേരും പ്രേക്ഷക ഹൃദയം കീഴടക്കി തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യ 2 ദിനം കൊണ്ട് തന്നെ 48 കോടി രൂപക്ക് മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കടക്കുകയാണ് ചിത്രം. മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ തരംഗമായി മാറുകയാണ്. മാർച്ച് 19നു ആഗോള റിലീസായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ആദ്യ ദിനം 18 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ എന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു.

ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് പ്രേക്ഷകർ നൽകുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവ നേടിയ ആകെ കളക്ഷനേക്കാൾ കൂടുതൽ ആണ് ആട് 3 ആദ്യ 2 ദിവസം കൊണ്ട് നേടിയെടുത്തത്. പ്രേക്ഷകർ തന്ന ഈ വിജയവും സ്നേഹവും പിന്തുണയും ചിത്രത്തിൻ്റെ അവസാന ഭാഗം വൈകാതെ തന്നെ ആരംഭിക്കാനുള്ള പ്രചോദനമാണ് നൽകുന്നത് എന്ന് നിർമ്മാതാക്കൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.ഇപ്പോഴും ബുക്ക് മൈ ഷോയിൽ വമ്പൻ ട്രെൻഡിങ് തുടരുന്ന ചിത്രം ലോകം മുഴുവൻ നിറഞ്ഞ സദസ്സുകളിൽ ആണ് പ്രദർശിപ്പിക്കുന്നത്.

ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് സമ്മാനിക്കുന്നത്. ചിത്രം കാണാനായി കുടുംബ പ്രേക്ഷകരുടെ അഭൂതപൂർവമായ കുത്തൊഴുക്കാണ് കേരളത്തിലെ തീയേറ്ററുകളിൽ അനുഭവപ്പെടുന്നത്.പാട്ടും നൃത്തവും ചിരിയും ആക്ഷനും ഫാന്റസിയും എല്ലാം കോർത്തിണക്കി വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.