തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഗ്യാരന്റിയില്‍ പ്രതീക്ഷയുമായി യുഡിഎഫ്.
അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രി സഭ യോഗത്തില്‍ ഗ്യാരണ്ടികളില്‍ തീരുമാനം എടുക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കേരളം പിടിക്കാൻ അഞ്ചിന ഗ്യാരണ്ടികളാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കെഎസ്ആർടിസിയില്‍ സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 ആക്കും, കോളേജ് വിദ്യാർത്ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ അടക്കമുള്ള ഇന്ദിരാ ഗ്യാരണ്ടിയാണ് പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
കർണ്ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസിനെ അധികാരത്തിലേക്കെത്തിച്ച രാഹുലിൻ്റെ ഗ്യാരണ്ടി കേരളത്തിലും. സ്ത്രീകളെയും യുവാക്കളെയും വയോജനങ്ങളെയും ലക്ഷ്യം വെക്കുന്ന രാഹുലിൻ്റെ ഗ്യാരണ്ടി യുഡിഎഫിൻ്റെ റിയല്‍ പ്രകടന പത്രിക തന്നെ.
മോദിയെയും പിണറായിയെയും ഒരുപോലെ കുറ്റപ്പെടുത്തി രാഹുല്‍. സിപിഎം ബിജെപി കൂട്ട് കെട്ടാണ് യുഡിഎഫിൻ്റെ പ്രധാന എതിരാളികളെന്ന് പ്രഖ്യാപിച്ചു.
തന്നെ മണിക്കൂറുകള്‍ ഇഡി ചോദ്യം ചെയ്തിട്ടും പിണറായിയെ ഇഡി തൊടുന്നില്ല. മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്. പിണറായിയെ നിയന്ത്രിക്കുന്നത് മോദി. രാഹുലിൻ്റെ സിജെപി പരാമർശം ഇനി യുഡിഎഫിൻ്റെ ഔദ്യോഗിക രാഷ്ട്രീയ പ്രചാരണമാകും.
