സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രിക്ക്, 18ആം റാങ്ക് നേടി മലയാളിയായ എസ് ശ്രുതി

2025ലെ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. രാജസ്ഥാൻ സ്വദേശിയായ അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക് ലഭിച്ചു. രാജേശ്വരി സുവേക്ക് രണ്ടാം റാങ്ക്. അഖൻഷ് ദള്ളിന് മൂന്നാം റാങ്ക്. ആദ്യ പത്തിൽ മലയാളികളില്ല. മലയാളിയായ എസ് ശ്രുതി 18ആം റാങ്ക് നേടി. ശ്രീജ ജെ എസ് 57ആം റാങ്കും ഗോപിക ബി 105ആം റാങ്കും നേടി. അജയ് ആര്‍ രാജ് 109ആം റാങ്കും ശ്രീലക്ഷ്മി വിസി 133ആം റാങ്കും സിദ്ധാര്‍ത്ഥ എം ജോയി 271ആം റാങ്കും നേടി. കേരളത്തിൽ നിന്ന് നിരവധി പേർക്ക് പരീക്ഷയിൽ യോഗ്യത നേടാൻ കഴിഞ്ഞു. ആകെ 958 പേർ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടി. 180 പേർ ഐഎഎസ്, 55 പേർ ഐഎഫ്എസ്, 150 പേർ ഐപിഎസ് നേടി.

പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷം രാജ്യമെമ്പാടുമുള്ള ഉദ്യോഗാർത്ഥികൾ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിപ്പിലായിരുന്നു. കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും. 2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖം ഈ വർഷം ഫെബ്രുവരി 27ന് അവസാനിച്ചു. അഭിമുഖം അവസാനിച്ച് ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ യുപിഎസ്‌സി അന്തിമ ഫലം പ്രഖ്യാപിക്കാറുണ്ട്. പതിവു തെറ്റിക്കാതെ ഇത്തവണയും ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷാഫലം പ്രഖ്യാപിച്ചു.