മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ രക്ഷാസമിതി. സമാധാനം പുനസ്ഥാപിക്കണമെന്ന് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. അടിയന്തര ഇടപെടലുകളുമായി യൂറോപ്യന്‍ യൂണിയന് രംഗത്തെത്തി. ഇറാന്, ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാരെ ഇന്ത്യ ആശങ്കയറിയിച്ചു. ഇറാനെ പിന്തുണച്ച് റഷ്യയും ചൈനയും രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള വ്യാപാര മേഖലയും പ്രതിസന്ധിയിലായി. ഇസ്രയേല്‍- അമേരിക്ക സംയുക്ത ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും രാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷയ്ക്കുമെതിരായ കടന്നുകയറ്റമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു.
ആക്രണം ഒഴിവാക്കാനാകുമായിരുന്നില്ലെന്ന് ഇസ്രയേല്‍ അംബാസിഡര്‍ ഡാനി ഡാനന്‍ ന്യായീകരിച്ചു. നിലനില്‍പ്പിനെതിരായ ഒരു ഭീഷണി ഇല്ലാതാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇസ്രയേലും അമേരിക്കയും ചെയ്തത് യുദ്ധക്കുറ്റങ്ങളാണെന്ന് ഇറാനും യുഎന്‍ രക്ഷാസമിതിയില്‍ വാദിച്ചു.
അതേസമയം ഇറാന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു. ഖമനയി കൊല്ലപ്പെട്ടെന്നത് ഇറാന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേല്‍ ഉദ്യോഗസ്ഥന് നേരത്തെ രംഗത്തെത്തിയിരുന്നു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖമനയിയുടെ മൃതദേഹം കണ്ടെത്തിയതായി മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന് റോയിട്ടേഴ്സിനോട് പറഞ്ഞു.
