അമ്പലപ്പുഴയില്‍ കടലില്‍ കാണാതായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ: കളിക്കുന്നതിനിടയില്‍ കടലില്‍ കാണാതായ ആറാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കോമന പുതുവല്‍ അഭിഷേകിന്റെ (11) മൃതദേഹമാണ് പായല്‍ക്കുളങ്ങര തീരത്ത് കണ്ടെത്തിയത്.

ബുധൻ വൈകിട്ടാണ് അഭിഷേകിനെ കോമന തീരത്തു നിന്നും കാണാതായത്. കുട്ടിയുടെ വസ്ത്രങ്ങള്‍ നേരത്തെ കടപ്പുറത്തു നിന്നു കണ്ടെത്തിയിരുന്നു.

അമ്പലപ്പുഴ കോമന പുതുവല്‍ ലിബി- മഞ്ജു ദമ്പതികളുടെ മകൻ 11 വയസുകാരൻ അഭിഷേകിനെയാണ് ബുധനാഴ്ച വൈകിട്ട് മുതല്‍ കാണാതായത്. കെ.കെ കുഞ്ചു പിള്ള സ്മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അഭിഷേക്. കുട്ടി വൈകീട്ട് സ്കൂളില്‍ നിന്ന് വന്ന ശേഷം ചായ കുടിച്ചിട്ട് കളിക്കാൻ കൂട്ടുകാരുമൊത്ത് പോയതായിരുന്നു.രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അമ്പലപ്പുഴ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു