സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ എല്ലാവരുടെയും മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. എന്നാൽ ഇതിനിടയിൽ സോഷ്യൽമീഡിയയിൽ ഈ സംഭവത്തെ മറയാക്കി പണം തട്ടൽ നടക്കുന്നതായി ആലിന്റെ കുടുംബം വെളിപ്പെടുത്തി. ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിന്‍ ഷെറിന്റെ മുത്തച്ഛന്‍ റെജി സാമുവല്‍. എല്ലാവരും ഒന്നിച്ച് നിന്നപ്പോള്‍ ചില ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം ആവശ്യപ്പെട്ടെന്ന് റെജി സാമുവല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സര്‍ക്കാരോ അവയവം സ്വീകരിച്ച കുട്ടികളുടെ കുടുംബമോ തങ്ങളോ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും പറഞ്ഞ് ചിലര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. പണം ആവശ്യപ്പെട്ട് ചില കാർഡുകൾ ആളുകളുടെ കൈവശം ലഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയകളും ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും നടത്തുന്നത് സൗജന്യമായാണ്. അതിന് പണം ആവശ്യമില്ല. വ്യാജപ്രചാരണത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആലിന്റെ മുത്തച്ഛൻ പ്രതികരിച്ചു.
ആലിനിൻ്റെ പിതാവ് കോളജിൽ പഠിക്കുന്ന കാലഘട്ടം മുതൽ ഡോണേഴ്സ് ക്ലബ്ബിൽ ഉള്ളയാൾ. സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ വലിയ ആൾക്കൂട്ടമാണ് ഇന്നലെ വന്നത്. ഇത്രയും വിഷമകരമായ സാഹചര്യത്തിനിടയിലാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തട്ടിപ്പിന് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചാം തീയതിയാണ് എംസി റോഡില്‍ പള്ളം ബോര്‍മ കവലയിലുണ്ടായ വാഹനാപകടത്തിൽ നെടുങ്ങാടപ്പള്ളി വാലുമണ്ണില്‍ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളായ ആലിന് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതോടെ കുടുംബം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ആലിന്റെ വൃക്കകള്‍, കരള്‍, ഹൃദയവാല്‍വ്, നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്തുമാസം പ്രായമുള്ള ആലിന്‍ മാറി.
