കോളേജിലെ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്ത് ബജ്റംഗ്ദൾ പ്രവർത്തകർ; വിദ്യാർത്ഥിക്ക് നേരെ കയ്യേറ്റശ്രമം, സംഭവം മധ്യപ്രദേശിൽ

മധ്യപ്രദേശില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്തു. ഇന്‍ഡോറിലെ നാര്‍സി മുന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ത്ഥികളുടെ വാലന്റൈന്‍സ് ഡേ ആഘോഷവേദി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. പരിപാടിയില്‍ അശ്ലീലം കലര്‍ത്തി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അതിക്രമം. വേദി അടിച്ചുതകര്‍ത്തതിനോടൊപ്പം വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച വാലന്റൈൻസ് ഡേ പരിപാടിയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയത്.

വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ ഒരു ഭാഗത്ത് പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒരു കൂട്ടം ആളുകള്‍ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അക്രമികള്‍ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിന്റെയും വസ്തുവകകള്‍ നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. വാലന്റൈന്‍സ് ഡേ പ്രോഗ്രാം നടന്നുകൊണ്ടിരിക്കെ ഹിന്ദുത്വ സംഘടനകള്‍ ക്യാമ്പസിനകത്ത് കയറി അതിക്രമം നടത്തിയെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നും കോളേജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.