പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്സല്‍ ബോഗിയില്‍ നിന്ന് ദുര്‍ഗന്ധം; തമിഴ്‌നാട്ടില്‍ നിന്ന് വില്‍പനയ്‌ക്കെത്തിച്ച രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥർ പിടികൂടി

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിൻ മാർഗം പാലക്കാട്ടേയ്‌ക്കു വില്‍പനയ്‌ക്കെത്തിച്ച രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥർ പിടികൂടി.

ഒലവക്കോട് റെയില്‍വേ ജംഗ്‌ഷനില്‍ ആർപിഎഫും റെയില്‍വേ പൊലീസും ചേർന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. തമിഴ്‌നാട് ആരോഗ്യവകുപ്പ് നാഗർകോവില്‍ നിന്ന് പിടികൂടി തിരിച്ചയച്ച മത്സ്യമാണിതെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഇത് തെളിയിക്കുന്നതിനും പരിശോധനകള്‍ നടത്തുന്നുണ്ട്.

ഇന്നലെ രാത്രി ഒമ്പതരയോടെ ഐലന്റ് എക്‌സ്‌പ്രസിലെ പാഴ്‌സല്‍ ബോഗിയില്‍ നിന്നാണ് മത്സ്യം പിടികൂടിയത്. 24 പെട്ടികളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. ഇവയില്‍ നിന്നും ‌ദുർഗന്ധം പരക്കുന്നതായി അറിയിച്ചെങ്കിലും ആരോഗ്യ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്ന് പൊലീസ് ആരോപിക്കുന്നു. ഇതോടെ പുലർച്ചവരെ പെട്ടികള്‍ക്ക് പൊലീസ് കാവല്‍ നില്‍ക്കേണ്ടി വന്നു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയാല്‍ മാത്രമേ മത്സ്യത്തിന്റെ പഴക്കം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

 

ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മത്സ്യം കടത്താൻ ശ്രമിക്കുന്നുവെന്ന തമിഴ്‌നാട് ആർപിഎഫ് ഇന്റലിജൻസിന്റെ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ മാസവും ഇത്തരത്തില്‍ ട്രെയിൻ മാർഗം എത്തിച്ച പഴകിയ മത്സ്യം പൊലീസ് പിടികൂടിയിരുന്നു. ഇത്തരം മത്സ്യങ്ങളുടെ ദുർഗന്ധം രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ മാറ്റി മാർക്കറ്റില്‍ എത്തിക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.