ജോണ്‍പോള്‍ ജോർജ് സംവിധാനം ചെയ്യുന്ന ‘ആശാൻ’ ട്രെയ്ലർ പുറത്ത്. ഇന്ദ്രൻസ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്.
നാല്പതിലധികം വർഷങ്ങളിലായി 550 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച നടൻ ഇന്ദ്രൻസ്, ആദ്യമായി ഒരു കൊമേർഷ്യല്‍ ചിത്രത്തില്‍ നായകനായി എത്തുന്നു എന്നത് തന്നെയാണ് ആശാന്റെ ഏറ്റവും വലിയ പ്രത്യേകത. അത് കൊണ്ട് തന്നെ, ഏറെ പ്രതീക്ഷകളോടെയും ആകാംഷയോടെയുമാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അതില്‍ ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രൻസ് തന്റെ ശബ്ദവും നല്‍കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇന്ദ്രൻസ് എന്ന നടന്റെ മറ്റൊരു ഗംഭീര പ്രകടനം ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേമികളും ആരാധകരും.
ഫെബ്രുവരി 5 ന് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തില്‍ പ്രദർശനത്തിനെത്തിക്കുന്നത് ദുല്‍ഖറിന്റെ വേഫെറർ ഫിലിംസ്. ദുല്‍ഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോണ്‍ പോള്‍ ജോർജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
