സംസ്ഥാനത്തെ സ്വർണവില പിടിതരാതെ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇന്നും സ്വർണവില ഉയർന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,02,280 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 60 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 12,785 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. വെനസ്വേലയിലെ ട്രംപിന്റെ അട്ടിമറി നീക്കം, ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാൻ അമേരിക്ക നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ അന്താരാഷ്ട്ര തലത്തില്‍ സൃഷ്ടിച്ച ആശങ്കകളാണ് സ്വര്‍ണവില ഇന്നും ഉയരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
ദിവസങ്ങള്‍ക്ക് മുന്‍പ് ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയര്‍ന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു.
ഇനിയും വിലയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യതയെന്ന് വ്യാപാരികളും വിദഗ്ധരും പറയുന്നു. വിലയില്‍ ചെറിയ ഏറ്റക്കുറച്ചില്‍ ഉണ്ടാകാമെങ്കിലും ഒരു ലക്ഷത്തില്‍ നിന്ന് താഴേക്ക് ഉടനെയൊന്നും കുറയാന്‍ സാധ്യതയില്ലന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വില ഉയർന്നതോടെ ജ്വലറികളിലും സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.
