വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മഡുറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗ്ഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 9.30യ്ക്ക് നടക്കുന്ന പത്രസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൽ അറിയിക്കുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
തുടർച്ചയായി നടന്ന വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് അമേരിക്ക വെനസ്വേലൻ പ്രസിഡന്റിനെയും ഭാര്യയെയും ബന്ദികളാക്കി രാജ്യത്തിന് പുറത്തെത്തിച്ചത്. വെനസ്വേലൻ വിമാനത്താവളങ്ങളിലും അമേരിക്ക ആക്രമണം നടത്തി. ഈഗ്റോട്ട് വിമാനത്താവളത്തിൽ വമ്പൻ സ്ഫോടനങ്ങൾ നടന്നു. കാരക്കാസിലും മിറാണ്ടയിലും അര്വാഗയിലും ലാ ഗ്വെയ്റയിലും അമേരിക്ക ആക്രമണം നടത്തിയതായി വെനസ്വേല വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശികസമയം ഇന്നു പുലർച്ചെ 1.50നാണ് അമേരിക്ക വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ആക്രമണം ആരംഭിച്ചത്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്ന സംഘർഷങ്ങൾ ഇതോടെ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന വാർത്താ സമ്മേളനത്തിൽ അമേരിക്കയുടെ ഈ കടുത്ത നടപടിയുടെ കാരണങ്ങളും ഭാവി നീക്കങ്ങളും വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.
