കോഴിക്കോട് 8 മാസം ഗർഭിണിയായ യുവതിക്ക് ക്രൂരമർദ്ദനം. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് യുവതിയുടെ ദേഹമാസകലം പൊള്ളിച്ചു. നാലു ദിവസമായി ഈ യുവതിയെ വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. കോഴിക്കോട് താമരശ്ശേരിയിലാണ് ക്രൂരത അരങ്ങേറിയത്. കൊണ്ടോട്ടി സ്വദേശിനിയായ യുവതിക്കാണ് ക്രൂരമർദ്ദനം ഏറ്റത്. ഒന്നിച്ചു കഴിയുന്ന പങ്കാളി മയക്കുമരുന്നിന് അടിമയാണെന്നാണ് യുവതി പറയുന്നത്. ഒരു വർഷം മുമ്പ് കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാൻ്റെ കൂടെ പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായിരുന്നു യുവതി.
ആക്രമണം ഉണ്ടായതിന് പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ യുവതി ചികിത്സയിൽ കഴിയുകയാണ്.
