ശബരിമല സ്വര്‍ണക്കൊള്ളയിലെ ഇ.ഡി അന്വേഷണം; സര്‍ക്കാരിന് കനത്ത തിരിച്ചടി; കൂടുതല്‍ ഉന്നതര്‍ കുടുങ്ങാൻ സാധ്യത; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ അന്വേഷണം നടത്താൻ എൻഫോഴ്‌സ്മെന്റ് ഡയർക്ടറേറ്റിന് (ഇ.ഡി) അനുമതി നല്‍കിയ കൊല്ലം വിജിലൻസ് കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് കനത്ത വെല്ലുവിളിയാകും.

ഇ.ഡി അന്വേഷണം ആരംഭിച്ചാല്‍ ദേവസ്വം ബോർഡിലെ പല ഉന്നതരും കുടുങ്ങും.
കേസിലെ എഫ്.ഐ.ആറിന്റെ പകർപ്പ് ലഭിച്ചാല്‍ ഇ.ഡിക്ക് അത് വലിയൊരു ആയുധമാകും. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖർ അന്വേഷണപരിധിയിലേക്ക് വരുമെന്നാണ് സൂചന.

കേന്ദ്ര ഏജൻസികള്‍ സംസ്ഥാന വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്ന വിമർശനം നിലനില്‍ക്കെയാണ് ശബരിമല കേസിലെ പുതിയ നീക്കം. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം എവിടെ നിക്ഷേപിച്ചു, ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുക.

കേസില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താലുടൻ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ ഇ.ഡിക്ക് സാധിക്കും.