കോട്ടയം ഏറ്റുമാനൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം : ഏറ്റുമാനൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. ക്ലാമറ്റം മല്ലികത്തോട്ടത്തിൽ മജോ ജോണി( 32) ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഏറ്റുമാനൂ‍ർ ക്ഷേത്രത്തിന് സമീപം പുലർച്ചെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന മിനിലോറിയിലേക്ക് കാർ ഇടിക്കുകയായിരുന്നു.

ഏറ്റുമാനൂരിൽ നിന്ന് എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു.

ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒരു മണിയോടെയാണ് അപകടം.

കാറിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഗ്നിശമന സേനയും ഏറ്റുമാനൂർ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ – എറണാകുളം റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.