മൊഹാലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 18 റണ്‍സ് വിജയം.
220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ടിനും ചെന്നൈയെ രക്ഷിക്കാനായില്ല.
69 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. കൂറ്റൻ വിജയലക്ഷ്യം മുന്നിലുണ്ടായിട്ടും പവര്‍ പ്ലേയില്‍ പതിവുപോലെ സാവധാനമാണ് ചെന്നൈ തുടങ്ങിയത്. ഡെവോണ്‍ കോണ്‍വെയും രചിൻ രവീന്ദ്രയും വിക്കറ്റ് വലിച്ചെറിയാതെ ടീം സ്കോര്‍ ഉയര്‍ത്താനായിരുന്നു ശ്രമം.
ആദ്യ മൂന്ന് ഓവറുകള്‍ പിന്നിട്ടപ്പോള്‍ ചെന്നൈയുടെ സ്കോര്‍ വെറും 22 റണ്‍സ്. നാലാം ഓവറില്‍ യാഷ് താക്കൂറിന്‍റെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേയ്ക്ക് പായിച്ച് കോണ്‍വെ തുടക്കമിട്ട ആക്രമണം അവസാന മൂന്ന് പന്തുകളിലും ബൗണ്ടറി നേടിയ രചിൻ പൂര്‍ത്തിയാക്കി. ഈ ഓവറില്‍ മാത്രം 17 റണ്‍സ് പിറന്നു. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ടീം സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സ് എന്ന നിലയിലെത്തിക്കാൻ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞെങ്കിലും പിന്നീട് കഥ മാറി.
