തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായി പിഴ ചുമത്തുകയെന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച എഐ ക്യാമറകള്‍ കേരളത്തിലെ നിരത്തുകളില്‍ വീണ്ടും സജീവമായി.
സാമ്പത്തിക പ്രതിസന്ധി കാരണം ഇടയ്ക്ക് പിഴയീടാക്കല്‍ കൃത്യമായി നടന്നിരുന്നില്ലെങ്കിലും ഇപ്പോള്‍ സജീവമായി തന്നെ നടപടികള്‍ പുനരാരംഭിച്ചിട്ടുണ്ട്. 2023 ജൂണില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ആകെ നിയമലംഘനങ്ങളുടെ എണ്ണം 98 ലക്ഷം കടന്നിരിക്കുകയാണ്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായിട്ടുള്ള നടപടിയെന്നോണമാണ് ഓട്ടോമാറ്റഡ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതുവരെ 600 കോടി രൂപയ്ക്ക് മുകളിലാണ് പിഴയിനത്തില്‍ ചുമത്തിയിട്ടുള്ളത്. ഇതില്‍ 400 കോടിയോളം രൂപ പിഴയായി പിരിച്ചെടുത്തിട്ടുണ്ട്.
230 കോടി രൂപ ചെലവില്‍ കേരളത്തിലെ പ്രധാന ട്രാഫിക് ഹോട്ട്സ്പോട്ടുകളിലായി 726 ക്യാമറകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. എഐ ക്യാമറകള്‍ സ്ഥാപിച്ചതിനുശേഷം ഇതുവരെ 631 കോടി രൂപയാണ് പിഴയായി ചുമത്തിയത്. ഇതില്‍ 400 കോടി രൂപയോളം പിരിച്ചെടുത്തു.
