ബാത്ത് റൂമില്‍ പോകുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നവരാണോ? അത് അത്ര നല്ല ശീലമല്ല; അറി‍ഞ്ഞിരിക്കൂ…

കോട്ടയം: ബാത്ത്റൂമില്‍ പോകുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ ഈ ശീലം നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കാരണം ഇത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ശുചിമുറിയില്‍ ഇരുന്ന് കൊണ്ട് അധികനേരം ഫോണ്‍ ഉപയോഗിക്കുന്നത് പെെല്‍സ് ഉണ്ടാകാനുള്ള സാധ്യതയും മറ്റ് ആരോഗ്യപ്രശ്നങ്ങളും വർദ്ധിപ്പിക്കുമെന്ന് ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ന്യൂറോളജി ആൻഡ് മൂവ്മെൻ്റ് ഡിസോർഡേഴ്സ് കണ്‍സള്‍ട്ടൻ്റായ ഡോ. ഹേമ കൃഷ്ണ പി പറഞ്ഞു.

കൂടാതെ, ശരീരത്തിൻ്റെ സ്വാഭാവിക മലവിസർജ്ജന പ്രക്രിയയെ തടസ്സപ്പെടുത്തുമെന്നും ഇത് മലബന്ധത്തിലേക്കും മറ്റ് ദഹന പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.

ബാത്ത് റൂമില്‍ പല തരത്തിലുള്ള ബാക്ടീരിയകളുണ്ട്. അത് കൊണ്ട് തന്നെ ബാത്ത്റൂമില്‍ അധികനേരം ഇരിക്കുമ്പോള്‍ ബാക്ടീരിയകള്‍ ഫോണില്‍ പറ്റിപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ശേഷം, ഫോണില്‍ നിന്നുള്ള ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് വളരെ എളുപ്പമാണ്. ഇതുമൂലം നിങ്ങള്‍ക്ക് ഏത് രോഗവും എളുപ്പത്തില്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.

ബാക്ടീരിയകള്‍ മൂത്രാശയ അണുബാധയ്ക്കും ദഹനവ്യവസ്ഥയുടെ സങ്കീർണതകള്‍ക്കും കാരണമാകാൻ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.
ടോയ്‌ലറ്റ്‌ സീറ്റ്, വാതിലിന്റെ കൈപ്പിടി, സിങ്ക്, ടാപ്പ് എന്നിവയിലെല്ലാം ഈ-കോളി പോലുള്ള അണുക്കള്‍ കാണപ്പെടുന്നുണ്ട്. ഇവ മൂത്രത്തില്‍ അണുബാധ, കുടല്‍ സംബന്ധമായ രോഗങ്ങള്‍, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും.

ബാത്ത് റൂമില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കാലക്രമേണ ആരോഗ്യം, ശുചിത്വം, മാനസിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഈ ശീലം ഒഴിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മെച്ചപ്പെട്ട ശുചിത്വം നിലനിർത്താനും മാനസിക ശ്രദ്ധ വർദ്ധിപ്പിക്കാനും സഹായിക്കുന്നതായും വിദഗ്ധർ പറയുന്നു.