പാലാ: മുൻപിൽ പോയ കാറിന്റെ പിന്നിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ എതിരെ വന്ന കാറിൽ ഇടിച്ച് 2 വയസ്സുകാരി ഉൾപ്പെടെ 3 പേർക്ക് പരിക്ക്. പാലാ-പൊൻകുന്നം ഹൈവേയിൽ കടയം വളവിൽ ഇന്നലെ വൈകിട്ട് 5.15നു ആയിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ 3 കാറുകളും തകർന്നു. വാഹനങ്ങളിലെ എയർ ബാഗ് പ്രവർത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം അയിരൂർപാറ സ്വാഗതിൽ വർണ ബി.നായർ (29), മകൾ ഇനിക (2) എന്നിവരെ മാർ സ്ലീവ മെഡിസിറ്റിയിലും എതിരെ വന്ന കാർ ഓടിച്ചിരുന്ന കുമ്പാനി പള്ളത്തുശേരിൽ ജോമോനെ (32) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജോമോന്റെ കൈകാലുകൾ ഒടിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളും കുട്ടിയും സഞ്ചരിച്ച പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ചാണ് അപകടം. വർണയുടെ ഭർത്താവ് പോത്തൻകോട് രാജിഭവനിൽ എം.ആർ.സുജിത്താണ് കാർ ഓടിച്ചിരുന്നത്. സുജിത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കടയം കല്ലുപുരയ്ക്കകത്ത് അജിത്ത് കുമാറിന്റെ കാറിന്റെ പിന്നിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ജോമോന്റെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അജിത്ത് കുമാറിന്റെ കാറിന്റെ പിൻചക്രം ഊരിത്തെറിച്ചു. പൊലീസും അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് പരുക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു. തുടർന്ന് വാഹനങ്ങൾ നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
