ഇടുക്കി: കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയ ഇസ്മയിലിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപം ധനസഹായം ഇന്ന് കൈമാറും. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്നും കളക്ടർ അറിയിച്ചു. കാട്ടാന ഭീഷണി നേരിടുന്ന മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.
കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കളക്ടറുടെ ഉറപ്പിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ പെരുവന്താനത്തിന് സമീപം മതംബ കൊമ്പൻപാറയിലാണ് കാട്ടാന സോഫിയയെ ചവിട്ടി കൊന്നത്. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്.
കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും സോഫിയയെ കാണാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ച് ചെന്നപ്പോൾ അരുവിക്ക് സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
