അമ്മയുടെ ആണ്‍ സുഹൃത്തിനോട് അടങ്ങാത്ത പക; ഷോക്കടിച്ച്‌ കൊലപ്പെടുത്തി മകൻ; മൃതദേഹം പാടത്ത് ഉപേക്ഷിച്ചു

ആലപ്പുഴ: അമ്മയുടെ ആണ്‍ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി.

പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊലപാതകം കിരണിൻ്റെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്ന് പൊലീസ് പറയുന്നു.

പുന്നപ്ര വാടയ്ക്കലില്‍ ആണ് സംഭവം. ഇന്നലെയാണ് പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ ഇയാളെ പാടത്ത് കിടക്കുന്ന നിലയില്‍ കണ്ടിരുന്നു.

എന്നാല്‍ ഇയാള്‍ സ്ഥിരം മദ്യപാനിയായത് കൊണ്ടുതന്നെ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. ഉച്ച കഴിഞ്ഞും അയാള്‍ സ്ഥലത്തുനിന്ന് എഴുന്നേല്‍ക്കാതെയിരുന്നത് കൊണ്ടാണ് നാട്ടുകാർ പൊലീസില്‍ വിവരം അറിയിച്ചത്.

പൊലീസെത്തി പരിശോധിച്ചതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്.