കട്ടപ്പന: സ്കൂട്ടർ യാത്രക്കാരി ഹെല്‍മെറ്റ് വെക്കാതെ യാത്ര ചെയ്തതിന് പണി കിട്ടിയത് ബൈക്ക് ഉടമയായ വൈദികന്.
മോട്ടോർ വാഹനവകുപ്പ് 500 രൂപ പിഴയാണ് വൈദികന് ചുമത്തിയത്.
കമ്പംമെട്ട് സെയ്ന്റ് ജോസഫ് ദേവാലയ വികാരിയായ ഫാ.ജിജു ജോർജിനാണ് പിഴ ലഭിച്ചത്.
ഹെല്‍മെറ്റ് വെക്കാതെ യുവതി സഞ്ചരിക്കുന്ന സ്കൂട്ടറിന്റെ നമ്പരായി കെ.എല്‍.34. എച്ച്.5036 എന്നും ചലാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വൈദികന്റെ വാഹനം കെ.എല്‍. 34 എച്ച്. 5036 നമ്പറിലുള്ള പള്‍സർ ബൈക്കാണ്.
നവംബർ മൂന്നിനാണ് വൈദികന് ചലാൻ ലഭിക്കുന്നത്. യുവതി സ്കൂട്ടർ ഓടിച്ചു പോകുന്ന ചിത്രമാണ് ചെല്ലാനോടൊപ്പം ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥർക്ക് തെറ്റ് പറ്റിയതാവാമെന്ന കണക്ക് കൂട്ടലില്‍ വൈദികൻ പരിവാഹൻ സൈറ്റില്‍ പരാതിപ്പെടുകയും ചെയ്തു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികാരികളില്‍ നിന്നും നടപടി ലഭിക്കാതായതോടെ ട്രാൻസ്പോർട്ട് കമ്മീഷ്ണർക്കും, ശേഷം മന്ത്രി ഗണേഷ് കുമാറിനും പരാതി നല്കി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടും ഇതുവരെ മോട്ടോർവാഹനവകുപ്പ് നടപടികള്‍ എടുത്തിട്ടില്ലെന്ന് ഫാ.ജിജു ജോർജ് പറയുന്നു.
