സുധാകരന്റെ ശരീരത്തിൽ 8 വെട്ടുകൾ; മരണത്തിലേക്ക് എത്തിച്ചത് കഴുത്തിന് പിന്നിലെ വെട്ട്; അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകൾ; കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവ്; നെന്മാറ ഇരട്ടക്കൊല കേസിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്; പ്രതി ചെന്താമരയ്ക്കായുള്ള അന്വേഷണം ഊർജ്ജിതം

പാലക്കാട്: നെന്മാറയിൽ വെട്ടേറ്റ് കൊല്ലപ്പെട്ട സുധാകരന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരൻ ശരീരത്തിൽ 8 വെട്ടുകളുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.

കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിൻ്റെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ.

ഇതാണ് മരണത്തിന് കാരണമായത്.

അതേ സമയം ഇന്നലെ നടന്ന കൊലപാതകത്തിന് ശേഷം ഒളിവിൽപോയ പ്രതി ചെന്താമരയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. തിരുപ്പൂരിലെ ബന്ധുവീട്ടിൽ പ്രതി എത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി ഇന്നലെ ഡ‍്രോൺ ഉപയോ​ഗിച്ചുള്ള പരിശോധന വരെ നടന്നിരുന്നു. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാരം ഇന്ന് നടക്കും.