ഗുരുതരമായി സ്‌ട്രോക്ക് ബാധിച്ച രണ്ട് പേര്‍ തിരികെ ജീവിതത്തിലേക്ക്; കരുതലായി പത്തനംതിട്ട ജനറല്‍ ആശുപത്രി

തിരുവനന്തപുരം: ഗുരുതരമായി സ്‌ട്രോക്ക് ബാധിച്ച രണ്ട് പേര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി.

ശബരിമല തീര്‍ത്ഥാടകയായ എറണാകുളം കുമ്പളങ്ങി സ്വദേശിനിയ്ക്കും (68), ശബരിമലയില്‍ കോണ്‍ട്രാക്‌ട് വര്‍ക്കറായ എരുമേലി സ്വദേശിയ്ക്കുമാണ് (58) സ്‌ട്രോക്ക് ബാധിച്ചത്. ഒരു വശം തളര്‍ന്ന് സംസാര ശേഷി ഭാഗീകമായി നഷ്ടപ്പെട്ടാണ് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്.

പരിശോധനയില്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉടനടി ത്രോമ്പോലൈസിസ് ചികിത്സ നല്‍കി. കുമ്പളങ്ങി സ്വദേശിനിയെ നവംബര്‍ മാസത്തിലാണ് ചികിത്സ നല്‍കി ഭേദമാക്കിയത്.
മകരവിളക്കിനോടനുബദ്ധിച്ച്‌ ജനുവരി 14ന് ആശുപത്രിയിലെത്തിച്ച എരുമേലി സ്വദേശി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.