തെന്നിന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുളള നടിയായി മാറാനൊരുങ്ങി നയൻതാര; പുതിയ ചിത്രത്തിന് താരം വാങ്ങുന്നത് അമ്പരപ്പിക്കുന്ന പ്രതിഫലം

ചെന്നൈ: തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി മാറാനൊരുങ്ങി നയൻതാര.

ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതോടെയാണ് നയൻതാര തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചെതെന്നാണ് റിപ്പോര്‍ട്ട്. 35 വര്‍ഷത്തിന് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്നം ഒരുക്കുന്ന പുതിയ ചിത്രമായ കെ എച്ച്‌ 234 ല്‍ നയൻതാര നായികയായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

നിലവില്‍ അതിനുളള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ചിത്രത്തില്‍ നായികയാകുന്നതിന് താരത്തിന് ലഭിക്കുന്ന പ്രതിഫലം പന്ത്രണ്ട് കോടിയായിരിക്കും. നയൻതാരയുടെ ജവാൻ, ഇരൈവൻ തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വൻഹിറ്റുകളായിരുന്നു. ഇതോടെയാണ് താരം പ്രതിഫലം വര്‍ദ്ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് ചിത്രങ്ങളില്‍ നിന്നും നയൻതാരയ്ക്ക് ലഭിച്ചത് പത്ത് കോടി രൂപ വീതമാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത തമിഴ് ചിത്രം കണക്ടിന് താരം കൈപ്പറ്റിയത് എട്ട് കോടി രൂപയാണ്. 2016ല്‍ പുറത്തിറങ്ങിയ ബാബു ബംഗാരം എന്ന തെലുങ്ക് ചിത്രത്തിന് നയൻതാരയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ ആറിരട്ടിയാണ് ഇപ്പോഴത്തെ പ്രതിഫലം.

കഴിഞ്ഞ ദിവസമാണ് കെഎച്ച്‌ 234ന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടന്നത്. ചിത്രത്തില്‍ നായികയായി സാമന്ത, തൃഷാ കൃഷ്ണൻ, സായ് പല്ലവി തുടങ്ങിയവരെ നായികയാക്കുന്നതില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഒടുവില്‍ നയൻതാരയെയാണ് നായികയാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ മാസം തിയേറ്ററുകളില്‍ എത്തിയ ജവാൻ ബോക്സോഫീസില്‍ നേടിയത് 1146 കോടിയിലധികമാണ്.