പത്തനംതിട്ടയില്‍ പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന മൊത്ത വ്യാപാരകേന്ദ്രത്തില്‍ തീ പിടുത്തം: ഉടമയും ജീവനക്കാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: 10 ലക്ഷം രൂപയുടെ നാശനഷ്ടം

ഓമല്ലൂര്‍: പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന മൊത്ത വ്യാപാരകേന്ദ്രത്തില്‍ തീ പിടുത്തം.

ഉടമയും ജീവനക്കാരനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

സമീപത്തെ കടയിലേക്കും തീ പടര്‍ന്നു. ചുറ്റുപാടുമുള്ള വീടുകളിലേക്ക് തീ പടരാതെ അഗ്‌നിശമന സേന രക്ഷാപ്രവര്‍ത്തനം നടത്തി. മാത്തൂര്‍ റോഡില്‍ തൈക്കുറ്റി മുക്കിനും പേഴുംമൂട് ജങ്ഷനുമിടയിലുള്ള എ ആന്‍ഡ് എ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തീ പടര്‍ന്നത്.

കടയുടെ മുന്‍വശത്താണ് തീ കണ്ടത്. ഈ സമയം കടയുടമ ഷൈനി സുരേഷിന്റെ പിതാവ് ഓമല്ലൂര്‍ സൗപര്‍ണികയില്‍ ഭാസ്‌കരന്‍ നായര്‍ (63), ജീവനക്കാരന്‍ ചെറുകോല്‍പ്പുഴ വടക്കേമംഗലത്ത് ആദര്‍ശ് (28) എന്നിവര്‍ കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നു.

ആളിക്കത്തുന്ന തീയിലൂടെ ഇവര്‍ പുറത്തേക്ക് ചാടി. രണ്ടു പേര്‍ക്കും പൊള്ളലേറ്റു. ഇവരെ ഓമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ടയില്‍ നിന്ന് മൂന്നും അടൂരിലും കോന്നിയില്‍ നിന്ന് ഒന്നു വീതവും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി അരമണിക്കൂറോളം പ്രയത്നിച്ചാണ് തീ കെടുത്തിയത്. 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.