ജീവന് ഭീഷണിയാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മ്മാണം; ഉമാ തോമസ് എംഎല്‍എ പങ്കെടുത്ത പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസ്

കൊച്ചി: കലൂരില്‍ ഉമാ തോമസ് എംഎല്‍എയ്‌ക്ക് വീണ് ഗുരുതര പരിക്കേറ്റ നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്.

മൃദംഗമിഷനും സ്‌റ്റേജ് നി‌ർമ്മിച്ചവർക്കും എതിരായാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. ജീവന് ഭീഷണിയാകും വിധം അപകടകരമായി സ്‌റ്റേജ് നിർമ്മിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്.

പതിനാലടിയോളം ഉയരത്തില്‍ നിന്ന് വീണ ഉമാ തോമസിന് ഗുരുതരമായ പരിക്കുകളാണ് ഉള്ളതെന്നും പൊതുസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ പരിപാടിയുടെ സംഘാടകർക്ക് വീഴ്‌ചയുണ്ടെന്നും പൊലീസ് പ്രാഥമിക വിവര റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

താല്‍ക്കാലിക സ്റ്റേജിന് മുന്നില്‍ ഒരാള്‍ക്ക് നടന്നുപോകാൻ പോലും വഴിയുണ്ടായിരുന്നില്ല, സുരക്ഷാ വേലി ഉണ്ടായിരുന്നില്ല എന്നീ വീഴ്‌ചകള്‍ പൊലീസ് ചൂണ്ടിക്കാട്ടി.