മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണം: ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കില്ല; പുതുവര്‍ഷ പരിപാടികള്‍ പൂര്‍ണമായും റദ്ദാക്കി കാര്‍ണിവല്‍ കമ്മിറ്റി

കൊച്ചി: പുതുവത്സരവേളയില്‍ എറണാകുളത്ത് പാപ്പാഞ്ഞികളെ കത്തിക്കാൻ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്മാറി ഫോർട്ട് കൊച്ചിയിലെ സംഘാടകർ.

മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന്റെ നിര്യാണത്തെത്തുടർന്നാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതടക്കമുള്ള പരിപാടികള്‍ റദ്ദാക്കിയതെന്ന് സംഘാടകർ അറിയിച്ചു.

കൊച്ചിയില്‍ കാർണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്.
ഫോർട്ട് കൊച്ചി ഗ്രൗണ്ടില്‍ നടക്കുന്ന പാപ്പാഞ്ഞി കത്തിക്കല്‍, കാർണിവല്‍ റാലി ഉള്‍പ്പടെയുള്ള പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്.

ഫോർട്ട് കൊച്ചി ഡെപ്യൂട്ടി കളക്ടർ മീരയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

കൊച്ചിയിലെ രണ്ടാമത്തെ പരിപാടി വെളി ഗ്രൗണ്ടിലാണ് നടക്കുന്നത്. ഈ പരിപാടി ഒരു പ്രാദേശിക കൂട്ടായ്മ നടത്തുന്ന പരിപാടിയാണ്. ആ പരിപാടി നടക്കുമെന്നാണ് ഇപ്പോള്‍ അറിയാൻ കഴിയുന്നത്. വെളി ഗ്രൗണ്ടില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്ന പരിപാടിയില്‍ മാറ്റമൊന്നും അറിയിച്ചിട്ടില്ല.