എനിക്ക് ആ കേസുമായി യാതൊരു ബന്ധവുമില്ല, എപ്പിസോഡിൽ ഇല്ലാതിരുന്നതിന് കാരണം ഒരു ട്രിപ്പ് പോയതാണ്; നടന്മാരായ ബിജു സോപാനം, എസ്പി ശ്രീകുമാർ എന്നിവർക്കെതിരായ ലൈം​ഗിക പീഡന പരാതിയിൽ പ്രതികരണവുമായി ഗൗരി ഉണ്ണിമായ

കൊച്ചി: സിനിമ-സീരിയൽ താരങ്ങളായ ബിജു സോപാനം, എസ്പി ശ്രീകുമാർ എന്നിവർക്കെതിരെ ലൈം​ഗിക പീഡന പരാതി നൽകിയ നടി താനല്ലെന്ന് വ്യക്തമാക്കി ​ഗൗരി ഉണ്ണിമായ. ഒരു സീരിയലിൽ ഒരുമിച്ച് അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയതെന്ന് വാർത്ത പുറത്തുവന്നതോടെ അത്​ ​ഗൗരി ഉണ്ണിമായ ആണെന്ന തരത്തിൽ പ്രചരണം നടന്നിരുന്നു.

ഇതിലാണ് നടിയിപ്പോൾ മറുപടി പറഞ്ഞത്. ഇൻസ്റ്റ​ഗ്രാം ലൈവ് വീഡിയോയിലായിരുന്നു നടിയുടെ വിശദീകരണം. “ഇന്നലെ ഒരു വാർത്ത പ്രചരിച്ചിരുന്നു. ഇക്കാര്യം തെരക്കി ഒരുപാട് പേർ വിളിച്ചിരുന്നു. എനിക്കെതിരെ ഹേറ്റും പലയിടത്തും പ്രചരിപ്പിക്കുന്നുണ്ട്.

എന്നാൽ, എനിക്ക് ആ കേസുമായി യാതൊരു ബന്ധവുമില്ല. എപ്പിസോഡിൽ ഇല്ലാതിരുന്നതിന് കാരണം ഒരു ട്രിപ്പ് പോയതാണ്. ഞാൻ ഷിംലയ്‌ക്ക് പോയിട്ട് വന്നതേയുള്ളു. ഉടനെ തന്നെ സീരിയലിൽ ജോയിൻ ചെയ്തിരുന്നു. 24 വരെയുള്ള എപ്പിസോഡിൽ ‍ഞാനുമുണ്ട്. അതാണ് സംഭവം. അവർ സംപ്രേക്ഷണം ചെയ്താൽ ആ എപ്പിസോഡുകളിൽ ഞാനുമുണ്ടാകും. ഈ വാർത്തകളിൽ പറയുന്ന നടി ഞാനല്ല. അനാവശ്യ വിവാദങ്ങൾ പരത്തരുത്”— നടി പറഞ്ഞു.

നടന്മാർക്കെതിരെ ഇൻഫോപാർക്ക് പോലീസാണ് കേസെടുത്തത്. ഒരാൾ ലൈം​ഗികാതിക്രമം നടത്തിയതെന്നും മറ്റൊരാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഒരുമിച്ച് അഭിനയിച്ച നടിയാണ് പരാതി നൽകിയത്.