വയനാട്: ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നല്‍കിയില്ല, ട്രൈബല്‍ പ്രമോട്ടറെ സർവീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തു.
ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അറിയിച്ചിട്ടും മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നല്‍കാത്തതിനെത്തുടർന്ന് മൃതദേഹം ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയത്. ഇതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവർത്തകർ ട്രൈബല്‍ ഡെവലപ്മെൻ്റ് ഓഫീസിന് മുന്നിലെത്തി.
ഇതിനു പിന്നാലെയാണ് സംഭവത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച് ട്രൈബല്‍ പ്രമോട്ടറെ സസ്പെൻഡ് ചെയ്തത്. വയനാട് എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം വീട്ടില്‍ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകാനാണ് ആംബുലൻസ് ആവശ്യപ്പെട്ടത്. വാഹനം ലഭിക്കാതെ വന്നതോടെ ഓട്ടോറിക്ഷയില്‍ മൃതദേഹം കൊണ്ടുപോവുകയായിരുന്നു.
എന്നാല്‍ രണ്ട് ആംബുലൻസാണ് ട്രൈബല്‍ ഓഫീസില്‍ ഉണ്ടായിരുന്നതെന്നും വൈകുന്നേരം ഇവ രണ്ടും ലഭ്യമായിരുന്നില്ലെന്നും പറഞ്ഞ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസർ, പുറത്ത് നിന്ന് ആംബുലൻസ് വിളിക്കാമായിരുന്നുവെന്നും എന്നാല്‍ ട്രൈബല്‍ പ്രൊമോട്ടർ ഇത് ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. സംഭവം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പ്രൊമോട്ടർക്ക് വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
