വിട്ടുമാറാത്ത വൃക്കരോഗത്തെ തുടർന്ന് സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിൽ; ചികിത്സയ്ക്കായി വേണ്ടത് 20 ലക്ഷത്തിലേറെ രൂപ; ചികിത്സയുടെ വിവരങ്ങളടക്കം പങ്കുവെച്ച് ഭാര്യ….

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാര്‍ അതീവഗുരുതരാവസ്ഥയിലെന്ന് കുടുംബം.

തിരുവനന്തപുരം എസ് യു ടി ആശുപത്രയില്‍ അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന ബാലചന്ദ്രകുമാറിൻ്റെ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപ വേണമെന്നും സഹായം വേണമെന്നും ഭാര്യ ഷീബ അഭ്യര്‍ത്ഥിച്ചു. വിട്ടുമാറാത്ത വൃക്കരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നാണ് ഷീബ പറയുന്നത്.

ബാലചന്ദ്ര കുമാറിൻ്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ചെലവ് കണക്കാക്കിയിരിക്കുന്നത് 20 ലക്ഷം രൂപയാണെന്നും അവര്‍ വിവരിച്ചു. ഒരു ഇൻഷുറൻസ് സപ്പോര്‍ട്ടും ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഇതിനകം 10 ലക്ഷം രൂപ ചെലവഴിച്ചു. ഞങ്ങളുടെ കുടുംബത്തിലെ ഏക വരുമാനക്കാരൻ ബാലചന്ദ്രനായിരുന്നുവെന്നും മറ്റാര്‍ക്കും കാര്യമായ സാമ്ബത്തിക ശേഷിയില്ലെന്നും അവര്‍ വിവരിച്ചു.

2 കുട്ടികളും മാത്രമുള്ള കുടുംബമായതിനാല്‍ ദൈനംദിന ചെലവുകള്‍ക്കൊപ്പം ഭര്‍ത്താവിന്റെ ചികിത്സയുടെ ചിലവും കൂടിയെത്തിയതോടെ കുടുംബം സാമ്പത്തികമായി തകര്‍ന്നിരിക്കുയാണ്. ഞങ്ങളുടെ കുടുംബത്തിന് അപ്രതീക്ഷിതമായിരുന്നു ഈ സംഭവം. ഈ ദുഷ്‌കരമായ സമയത്ത് എന്റെ ഭര്‍ത്താവിന് ഒപ്പം നില്‍ക്കാൻ ഏവരും തയ്യാറാകണമെന്നും കഴിയുന്ന സഹായം ചെയ്യണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ബാലചന്ദ്രയുടെ ചികിത്സാ ചിലവുകള്‍ക്കായി നിങ്ങള്‍ക്ക് സംഭാവന ചെയ്യാൻ കഴിയുന്ന ഏത് തുകയും വളരെ വിലമതിക്കുന്നതാണെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ കുടുംബത്തിനൊപ്പം ഏവരുടെയും പ്രാര്‍ത്ഥനയുണ്ടാകണമെന്നും ഷീബ ആവശ്യപ്പെട്ടു. ചികിത്സയുടെ വിവരങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ് ഷീബ രംഗത്തെത്തിയത്.

ബാലചന്ദ്ര കുമാറിൻ്റെ ചികിത്സയ്ക്കായുള്ള സഹായത്തിനായുള്ള അക്കൌണ്ട് വിവരങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള ആളാണ് സംവിധായകൻ ബാലചന്ദ്ര കുമാര്‍.