കാസർകോട്: വഴിത്തർക്കത്തിന്റെ പേരില്‍ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്.
കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിലാണ് ആണുംപെണ്ണും ഉള്‍പ്പെടെയുള്ളവർ പ്രായം പോലും നോക്കാതെ വടിയും കല്ലും ഉള്‍പ്പെടെ കൈയില്‍ കിട്ടിയതെല്ലാം എടുത്ത് പരസ്പരം ഏറ്റുമുട്ടിയത്.
കൂട്ടയടിയില്‍ ആറുപേർക്ക് പരിക്കേറ്റു. ഇതില്‍ പലർക്കും തലയ്ക്കാണ് പരിക്ക്.
കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
വർഷങ്ങളായി പ്രദേശത്ത് നിലനില്‍ക്കുന്ന തർക്കമാണ് കഴിഞ്ഞദിവസത്തെ കൂട്ടത്തല്ലില്‍ കലാശിച്ചത്. പ്രശ്നം കോടതി കയറിയതുമാണ്.
കഴിഞ്ഞദിവസം പ്രദേശത്ത് ഒരു കെട്ടിടം നിർമ്മിക്കുന്നതിന് സാധനസാമഗ്രികള്‍ എത്തിക്കുന്നതിന്റെ ഭാഗമായി വഴി അല്പം വീതികൂട്ടി. ഇതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും സംഘടിച്ചെത്തി തമ്മില്‍ത്തല്ലുകയായിരുന്നു. അസഭ്യംപറഞ്ഞും ആക്രോശിച്ചും കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് ഇരുകൂട്ടരും പരസ്പരം ആക്രമിക്കുകയായിരുന്നു.
വൃദ്ധരും യുവാക്കളും യുവതികളും കൗമാരക്കാരുംവരെ കൂട്ടത്തിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തല്ലുകണ്ടെത്തിയവർ ഇരുകൂട്ടരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തല്ലുകിട്ടുമെന്ന ഘട്ടമെത്തിയപ്പോള്‍ പിന്തിരിപ്പിക്കാൻ എത്തിയവർ സ്വയം പിൻവാങ്ങുകയായിരുന്നു.
