പെട്രോള്‍ അടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; കാറിലെത്തിയ യുവാവ് പമ്പ് ജീവനക്കാരനെ ആക്രമിച്ചു; തടയാനെത്തിയ മറ്റു ജീവനക്കാര്‍ക്കും മര്‍ദ്ദനം; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാഞ്ഞിക്കുളത്ത് പെട്രോള്‍ അടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ പമ്പ് ജീവനക്കാരനെ മർദിച്ചതായി പരാതി.

കല്ലടിക്കോട് കാഞ്ഞിക്കുളത്തുള്ള പെട്രോള്‍ പമ്പില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ ആള്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു.

പെട്രോള്‍ പമ്പിലെ ജീവനക്കാരനായ കാഞ്ഞിക്കുളം സ്വദേശി സുനീഷിനാണ് മര്‍ദ്ദനമേറ്റത്. ഇന്ധനം നിറയ്ക്കാനെത്തിയ പ്രദേശവാസി ഷാജി ജോസിനെതിരെയാണ് പരാതി. സംഭവത്തില്‍ ഷാജി ജോസഫിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെട്രോള്‍ അടിയ്ക്കുന്നതിന് നല്‍കിയ മുഴുവൻ തുയകയ്ക്കും പെട്രോള്‍ അടിച്ചില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. പെട്രോള്‍ അടിച്ചശേഷം പ്രകോപിതനായ കാറിലെത്തിയ ആള്‍ ജീവനക്കാരന്‍റെ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് പലതവണ മര്‍ദിച്ചു. തടയാനെത്തിയ മറ്റു പമ്പ് ജീവനക്കാരെയും ഇയാള്‍ മര്‍ദിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.