തീറ്റ എടുക്കാതെ അവശനിലയില്‍ ഇരുതലമൂരി; പരിശോധനയില്‍ കണ്ടെത്തിയത് കാൻസര്‍; ചികിത്സയ്ക്ക് ഫലം കണ്ട് തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ഇരുതലമൂരിയ്ക്ക് കാന്‍സര്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് നല്‍കിയ അപൂര്‍വ ചികിത്സ ഫലം കണ്ട് തുടങ്ങി.

റെഡ് സാന്‍ഡ് ബോവ ഇനത്തില്‍പെടുന്ന ഇരുതലമൂരിക്ക് വായില്‍ മാസ്‌റ്റ് സെല്‍ ട്യൂമര്‍ ആണ് കണ്ടെത്തിയത്. ഒക്ടോബര്‍ പത്താം തീയതിയാണ് വനം വകുപ്പ് തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. തീറ്റ എടുക്കാതെ അവശനിലയില്‍ ആണ് ഇതിനെ കണ്ടെത്തിയത്.

ഉദ്ദേശം നാല് വയസ്സ് പ്രായമുള്ള ആണ്‍ ഇരുതലമൂരിക്ക് 3.9 കിലോ ഭാരമുണ്ട്. ദ്രവ ഭക്ഷണം നല്‍കുന്നതിനായി വായിലൂടെ ട്യൂബ് ഇടുന്നതിനിടയിലാണ് വായില്‍ അസാധാരണമായ വളര്‍ച്ച കണ്ടെത്തിയത്.

തുടര്‍ന്ന് മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍, തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രം ലാബ് വെറ്ററിനറി സര്‍ജന്‍ ഡോ. ഹരീഷ് സി., ഡോ. അശ്വതി വി. ജി., ഡോ. അനൂപ് ആര്‍., ഡോ. ലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഫൈന്‍ നീഡില്‍ ആസ്പിരേഷന്‍, ബയോപ്‌സി പരിശോധനകളില്‍ മാസ്‌ററ് സെല്‍ ട്യൂമര്‍ എന്ന അപൂര്‍വ കാന്‍സര്‍ രോഗബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.