‘ഐശ്വര്യം വരണം’; പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മായി; ആൾദൈവം അടക്കം രണ്ടുപേർ അറസ്റ്റിൽ

ബറേലി: നാല് വയസുകാരിയെ കൊലപ്പെടുത്തി ഉറ്റബന്ധു. ഉത്തർ പ്രദേശിലെ ബറേലിക്ക് സമീപത്തെ ശിഖർപൂർ ചൌധരി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. വീട്ടിൽ ഐശ്വര്യം വരാൻ സ്വയം പ്രഖ്യാപിത ആൾദൈവവും ഉറ്റ ബന്ധുവും ചേർന്നാണ് കുട്ടിയെ ബലി നൽകുകയായിരുന്നു.

 

മിസ്റ്റി എന്ന നാലുവയസുകാരിയെ ശനിയാഴ്ചയാണ് കാണാതായത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ അമ്മായിയായ സാവിത്രി എന്ന സ്ത്രീയുടെ പെരുമാറ്റത്തിലെ അസ്വഭാവികത പോലീസിന് സംശയം സൃഷ്ടിച്ചു.

 

വീട്ടിലേക്ക് കുട്ടിയുടെ മാതാപിതാക്കളേപ്പോലും കടത്തി വിടാതെ നിരവിധ വാദങ്ങൾ നിരത്തിയതോടെ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് കുഴൽക്കിണറിന് സമീപത്ത് കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് പ്രേരകമായത് അന്ധവിശ്വാസമാണെന്ന് പോലീസ് കണ്ടെത്തി. സ്വയം പ്രഖ്യാപിത ആൾ ദൈവവും ബന്ധുവും ആയ ഗംഗാ റാമിന്റ നിർദ്ദേശം അനുസരിച്ചാണ് സാവിത്രി കൊലപാതകം നടത്തിയത്. ഐശ്വര്യം വരാനുള്ള ദുർമന്ത്രവാദ കർമ്മങ്ങളുടെ ഭാഗമായിരുന്നു പിഞ്ചു കുഞ്ഞിന്റെ കൊലപാതകമെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

 

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും അധികൃതർ അറിയിച്ചു. സാവിത്രിയേയും ഗംഗ റാമിനെയും പോലീസ് അറസ്റ്റ് ചെയ്തു.