റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി കണ്ട ഇതരസംസ്ഥാന തൊഴിലാളികളെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 9 കിലോ കഞ്ചാവ്; മൂന്നു ബാഗുകളിലായി ട്രെയിനിൽ കടത്താൻ ശ്രമിക്കവെയാണ് പോലീസിന്റെ പിടിയിലായത്

വടകര: വടകരയിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും കഞ്ചാവ് പിടികൂടി. ഒറീസ സ്വദേശി റോഷൻ മെഹർ (24), ജാർഖണ്ഡ് സ്വദേശി ജയസറാഫ് (33) എന്നിവരെയാണ് വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും പോലീസ് പിടികൂടിയത്. ഒരു ട്രോളി ബാഗിലും രണ്ട് ബാഗുകളിലുമായി കടത്തുകയായിരുന്ന 9 കിലോ​ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു.

ചെന്നൈയിൽ നിന്നും രാവിലെ ആറരയോടെയാണ് ഇവർ വടകരയിൽ എത്തിയത്. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് ഡിവൈഎസ്പിയുടെ കീഴിലുള്ള ഡൻസാഫ് ടീം സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

വടകര എസ്എച്ച്ഒ സുനിൽ കുമാറിൻ്റ നിർദ്ദേശ പ്രകാരം എസ്ഐമാരായ ബിജു വിജയൻ, രഞ്ജിത്ത്, ഡൻസാഫ് അംഗങ്ങളായ എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ ഷാജി, ബിനീഷ്, സിപിഒ മാരായ ടി കെ ശോഭിത്, അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.