ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച യുവ ഡോക്ടര്‍ വന്ദന ദാസിന്റെ സ്മരണയ്ക്കായി തൃക്കുന്നപ്പുഴയിൽ നിര്‍മിച്ച മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഒക്ടോബര്‍ പത്തിന്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച യുവ ഡോക്ടര്‍ വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കള്‍ നിര്‍മിച്ച മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഒക്ടോബര്‍ പത്തിന് നടക്കും. പല്ലനയാറിന്റെ തീരത്ത് ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്.

ഒക്‌ടോബര്‍ 10 ന് വൈകിട്ട് നാലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും വസന്തകുമാരിയും അറിയിച്ചു. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു വന്ദന.

11-ന് രാവിലെ ഒമ്പതിന് നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. വന്ദനയുടെ മാതാവ് വസന്തകുമാരിക്ക് കുടുംബസ്വത്തായി ലഭിച്ച തൃക്കുന്നപ്പുഴ വാലേക്കടവില്‍ പല്ലനയാറിന്റെ തീരത്താണ് ക്ലിനിക് നിര്‍മിച്ചിരിക്കുന്നത്.

ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാകും ക്ലിനിക് പ്രവര്‍ത്തിക്കുക. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യവേ, പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റാണ് 2023 മേയ് പത്തിന് പുലര്‍ച്ചെ ഡോ.വന്ദനദാസ് കൊല്ലപ്പെട്ടത്.